Monday, 21 November 2011

എന്റെ സൂര്യനെവിടെ ?



കെ.കെ.ആര്‍.സായന്തനം



എവിടെയാണെവിടെയാണെന്റെ സൂര്യന്‍
അലകടല്‍ തന്നില്‍ തകര്‍ന്നു വീണോ?
ഒരു കൊടും കാറ്റില്‍ പ്പറന്നുപോയോ
എവിടെയാണെവിടെയാണെന്റെ സൂര്യന്‍!
ഒരു തിങ്കള്‍ വന്നു മറച്ചിതെന്ന്
നരലോകമൊക്കെയും പാടിടുന്നു
അറിയാത്തതൊന്നും കഥിച്ചിടല്ലേ
പൊളിയാം വചനങ്ങളോതിടല്ലേ
സൗരയൂഥത്തിന്റെ സര്‍വ്വശക്തി
ഒരു തിങ്കള്‍ മുന്നില്‍ നമിപ്പതെന്നോ?
കൃഷ്ണ ചക്രത്താല്‍ മറിച്ചതെങ്കില്‍
വ്യാളിവായ്ക്കുള്ളിലകപ്പെട്ടുവെങ്കില്‍
കത്തുന്ന കാമക്കൊതിയകറ്റാന്‍
കുന്തിക്കുകാന്തനായ് വന്നുവെങ്കില്‍
കുള്ളനാം വാമനന്‍ തന്‍ കെണിയില്‍
തമ്പുരാന്‍ മാവേലി വീണുവെങ്കില്‍
കൊച്ചു ക്യൂബതന്‍ മനക്കരുത്തില്‍
വമ്പനമേരിക്കക്കടി പതറിയെങ്കില്‍
മിന്നാം മിനുങ്ങിനെയെന്ന പോലെ
കുമ്പിളിലമ്പിളി മൂടിവച്ചു.

No comments:

Post a Comment