നാടകം കഴിഞ്ഞു.....
കാണികള്‍ ഒന്നൊന്നായി പിരിഞ്ഞുപോകാന്‍ തുടങ്ങി.
ഗ്രീന്റൂമില്‍, മേക്കപ്പഴിച്ചുവെക്കുന്നതിന്റേയും, മുഖത്തും ദേഹത്തും തേച്ചുപിടിപ്പിച്ച ചായം മായ്ച്ചുകളയുന്നതിന്റേയും തിരക്കിലാണ് നടീനടന്മാര്‍. മുഹമ്മദലി തന്റെ ശ്രീകൃഷ്ണവേശം അഴിച്ചുമാറ്റുന്നതിനിടയില്‍, പിന്നില്‍ നിന്നും ആരോ വിളിച്ചു.
''മൊഹമ്മദ്ക്കാ നിങ്ങളെ അന്വേഷിച്ച് പുറത്താരോ നില്‍ക്കുന്നു.''
''ആരാണെന്ന് ചോദിച്ചില്ലേ?''
''കണ്ടിട്ട് ഒരു തമിഴന്റെ ലുക്കുണ്ട്.''
പാതി മാറ്റിയ മേക്കപ്പോടെ മുഹമ്മദലി ഗ്രീന്റൂം വിട്ടു പുറത്തിറങ്ങി.
''ആരാ... മനസ്സിലായില്ലല്ലോ. എന്നെത്തന്നെയാണോ നിങ്ങളന്വേഷിച്ചത്?''
''ആമാ... ഉങ്കളേത്താന്‍...''
''എന്താ കാര്യം?''
''നാ ഉങ്കക്കിട്ടേ വരട്ടുമാ?''
''ശരി വാ...''
''ഏന്‍ പേര് മുനിച്ചാമി. ഇന്ത പക്കത്തില് ഒരു പാറമട ഇരുക്ക്‌ല്ലേ... അങ്കേ വേല പാക്കറേന്‍''
''അതിന് ഞാനെന്തുവേണോന്നാ?''
പെട്ടെന്നായിരുന്നു മുനിച്ചാമി മുഹമ്മദലിയുടെ കാല്‍ക്കല്‍ വീണതും കാല്‍തൊട്ടു വണങ്ങിയതും. ഒന്നും മനസ്സിലാവാതേ മുഹമ്മദലി ഒന്നു ഞെട്ടി. അയാള്‍ മുനിച്ചാമിയേ തട്ടിമാറ്റി.
''എന്താ നിങ്ങളീ കാണിക്കുന്നത്?''
''എനക്ക് ഉങ്കളേ നല്ലാ പുടിച്ചിരുക്ക്. അപ്പ... എന്നാ നടിപ്പ്. കടവുളേ നേരടിയാ പാത്തമാതിരി. ഏന്‍ മേലേ ആശീര്‍വാദം പോടുങ്കളേ...!''
മുഹമ്മദലിക്ക് ചിരി വന്നു.
''ശരി. നിങ്ങള്‍ തല്‍ക്കാലം പൊയ്‌ക്കോ. എനിക്ക് വേറേ ജോലിയുണ്ട്. വയറ്റിപ്പെഴപ്പിന്ന് വേഷം കെട്ടിയെന്നേ ഉള്ളൂ ആശാനേ. അല്ലാതെ ഞാന്‍ ദൈവമൊന്നുമല്ല.''
മുനിച്ചാമി വിടുന്ന ലക്ഷണമില്ല, ''നീങ്ക എന്നശൊന്നാലും ശരി, നാ ഒത്ത്ക്കമാട്ടേ... നീ സാക്ഷാല്‍ കടവുള്‍ മാതിരി.''
മുഹമ്മദലി ഗ്രീന്റൂമിലേക്ക് തന്നെ തിരിച്ചുനടന്നു.
ഈ വിവരം കൂട്ടുകാര്‍ക്കിടയില്‍, അവനവതരിപ്പിച്ചപ്പോള്‍, അവിടെ കൂട്ടച്ചിരി ഉയര്‍ന്നുപൊള്ളി. കൂട്ടത്തില്‍ മുഹമ്മദലിക്ക് ഒരു ഇരട്ടപ്പേരും കിട്ടി. കടവുള്‍.....
ഓര്‍മ്മവെച്ചനാള്‍തൊട്ട്, നാടകമേ ഉലകം എന്ന ചിന്ത മാത്രം മനസ്സില്‍ വെച്ച് വേദി വിട്ട് വേദികളിലേക്ക്
പ്രയാണം ചെയ്തിട്ടും, ഇങ്ങനേ ഒരനുഭവം ഇതാദ്യമായിട്ടാണ്.
പോയകാലത്തിലേക്ക് അയാളുടെ ചിന്ത തിരിഞ്ഞു നടന്നു തുടങ്ങി.
ഒമ്പതാക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലം... സ്‌കൂള്‍ യുവജനോത്സവത്തിന്റെ അന്നാണ് ആദ്യമായി സ്റ്റേജ് കയറുന്നത്.
'കത്തിയണഞ്ഞകൈത്തിരി'
അതാണ് നാടകത്തിന്റെ പേര്. ആ നാടകം മത്സാരാടിസ്ഥാനത്തില്‍ പ്രഥമ സ്ഥാനത്ത് എത്തിയെന്നു മാത്രമല്ല, മുഹമ്മദലി എന്ന പതിനാലുകാരന്ന് Best actor പദവി ലഭിക്കുകയും ചെയ്തു. അന്ന് തൊട്ട് നാടകഭ്രാന്ത് തന്നേ പിടികൂടുകയായിരുന്നു.
''നിന്നില്‍ നല്ലൊരു നടനുണ്ട്. അതു പാഴാക്കാതേ സൂക്ഷിക്കുക.''
മലയാളം പഠിപ്പിക്കുന്ന ദാമോദരന്‍മാസ്റ്റര്‍ അതു പറഞ്ഞപ്പോള്‍ തന്നിലുള്ള ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിച്ചു.
പത്താംതരം കഴിഞ്ഞതും, പിന്നീടങ്ങോട്ടുള്ള നാളുകള്‍ നാടകങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.
എത്രയെത്ര വേദികള്‍.....
എത്രയെത്ര നാടകങ്ങള്‍.....
എന്തെല്ലാം വേഷങ്ങള്‍.....
''എന്നിട്ട് ഇതുവരേ താനെന്തനേടി'' എന്ന് സ്വന്തം മനഃസാക്ഷി പലപ്പോഴായി തന്നോട് ചോദിച്ചിട്ടുണ്ട്.
'അഭിനയത്തിലൂടേയുള്ള സംതൃപ്തി മാത്രം...'
അങ്ങനെയല്ലാതെ മറ്റെന്തു മറുപടി കൊടുക്കാന്‍?
ദാരിദ്ര്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ തീയാണെന്നുള്ള കാര്യം തനിക്കു മാത്രമല്ലേ അറിയൂ.
ഒരു വീടുള്ളതുപോലും അപകടനിലയിലാണ് അതിന്റെ നില്‍പ്. അങ്ങിങ്ങായി, പൊട്ടിപ്പൊളിഞ്ഞ ചുമരുകളും, ചിതലരിച്ച തെങ്ങിന്‍ കഴുക്കോലുകളും... ഏതു സമയത്താണ് നിലംപതിക്കുന്നതെന്ന് പറയാന്‍ വയ്യ. എല്ലാം ഒന്ന് നേരേയാക്കണമെന്ന് ചിന്തിക്കാതെയല്ല. രണ്ട് പെണ്‍മക്കളുള്ളത് ഒന്നിനെ കെട്ടിച്ചയച്ചതിന്റെ കടബാധ്യത ഇന്നും നിലവിലുണ്ട്. ഇളയമകളാണെങ്കില്‍ പ്രായം തികഞ്ഞ് വീട്ടില്‍നില്‍ക്കുന്നു. ഇങ്ങനെ പലതും ചിന്തിച്ചിരിക്കുന്ന സമയത്താണ് മുനിച്ചാമിയുടെ മുഖം മനസ്സിലേക്ക് കടന്നുവന്നത്. അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒറ്റക്കിരുന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദലിയെ ഭാര്യ ശ്രദ്ധിച്ചു.
''അല്ലാ... ഇതെന്തുപറ്റി, അതിരുവിട്ട സന്തോഷാണല്ലോ ഇന്ന്?''
''ഞാനിപ്പോ... പഴയ മുഹമ്മദലിയല്ല സൈനബാ... പടച്ചോനാ. തമിഴില്‍ കടവുള്‍ എന്നും പറയും.''
അനന്തരം, ഉണ്ടായ കഥ മുഴുവനും അയാള്‍ ഭാര്യയെ പറഞ്ഞു കേള്‍പ്പിച്ചു. കഥ മുഴുവന്‍ പറഞ്ഞുകേട്ടതും സൈനബയ്ക്ക് ചിരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.
പ്രേമവിവാഹമായിരുന്നു, മുഹമ്മദലിയുടേത്. യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച സൈനബ - എല്ലാവരെയും ധിക്കരിച്ചുകൊണ്ട് മുഹമ്മദലിയുടെകൂടെ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒരു നാടകനടന്റെ കൂടെ ഇറങ്ങിപ്പോയതുകാരണം, അഭിമാനം വ്രണപ്പെട്ട സൈനബയുടെ കുടുംബാംഗങ്ങള്‍ ആ കുടുംബത്തിലേക്ക് ഇന്നേവരെ എത്തിനോക്കിയതുപോലുമില്ല. മുഹമ്മദലിക്കാണെങ്കില്‍ അതിലൊട്ടും പരിഭവമില്ലതാനും. തന്നോടു സ്‌നേഹവും അടുപ്പവും കാണിക്കുന്നവരെ തിരിച്ചും അങ്ങനെ പെരുമാറുകയല്ലാതെ 'ജാഡ' കാണിക്കുന്നവരെ അയാള്‍ വകവെക്കാറില്ല. നിറഞ്ഞ കഷ്ടപ്പാടുകള്‍ക്കിടയിലും അയാള്‍ തന്റെ വ്യക്തിത്വം നിലനിര്‍ത്തുകയെന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ നാടക ബുക്കിങ്ങ് എറണാകുളത്തായിരുന്നു. 'രംഗശ്രീ തിയേറ്റേഴ്‌സ്' എന്ന ബോര്‍ഡ് പതിച്ച നാടകവണ്ടി കൊച്ചിന്‍-കലൂര്‍ മൈതാനത്തെ ലക്ഷ്യമിട്ട് ഓടിത്തുടങ്ങി. അവിടെയെത്തി നാടകം കളിച്ചതും, മുമ്പത്തേക്കാളുപരി വന്‍വിജയമായിരുന്നു നാടകത്തിന്. നാടകത്തിന് നിറഞ്ഞസദസ്സിനെ പിടിച്ചുപറ്റാന്‍ കഴിഞ്ഞതിന്റെ പേരില്‍, എല്ലാവരും വലിയ സന്തോഷത്തിലാണ്.
നാടക വണ്ടി, തിരിച്ചു ഷൊര്‍ണ്ണൂരിലെത്താറായപ്പോള്‍, അരുണ്‍കുമാറിന് ഒരു ഫോണ്‍കോള്‍ വന്നു.
ഫോണ്‍ അറ്റന്റുചെയ്തതും അയാള്‍ ഒന്നു നടുങ്ങിയതായിക്കണ്ടു. ആ വിവരം തൊട്ടടുത്തിരിക്കുന്ന സുരേഷ് ബാബുവിന്റെ ചെവിയില്‍ മന്ത്രിക്കുന്നത് മുഹമ്മദലിയുടെ ശ്രദ്ധയില്‍പ്പെട്ടു.
''ഇപ്പോ... അതേപ്പറ്റി മുഹമ്മദലി അറിയണ്ട.''
അവരുടെ അടക്കിപ്പിടിച്ച സംഭാഷണം മുഹമ്മദലിയെ കൂടുതല്‍ സംശയാലുവാക്കി. തന്നോടു മാത്രം പറയാന്‍ പറ്റാത്ത എന്തു രഹസ്യമാണ് ഇവര്‍ക്കുള്ളത്? എന്തോ കാര്യമായി സംഭവിച്ചിരിക്കുന്നു എന്നത് തീര്‍ച്ച. പക്ഷേ... ആരും ഒന്നും പറയാത്തതെന്ത്? അയാള്‍ ഉത്കണ്ഠാകുലനായി.
''എന്തുപറ്റി? എല്ലാരും കൂടേ എന്തോ രഹസ്യം കൈമാറുന്നത് പോലെ തോന്നുന്നല്ലോ?''
''എയ് ഒന്നുമില്ല.''
അരുണ്‍കുമാര്‍ അങ്ങനെ പറഞ്ഞെങ്കിലും മുഹമ്മദലിക്ക് വിശ്വാസം വരുന്നില്ല.
''എന്നോടു പറയാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.''
നാടകവണ്ടി പതിവിലും വേഗതയില്‍ ഓടിത്തുടങ്ങി. വണ്ടിയുടെ വേഗതയും, കൂട്ടുകാരുടെ അടക്കിപ്പിടിച്ചുള്ള സംഭാഷണങ്ങളും. മുഹമ്മദലിയെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി.
നാട്ടിലെത്താന്‍ ഏതാനും കിലോമീറ്റര്‍ ബാക്കിനില്‍ക്കെ, അരുണ്‍കുമാര്‍, മുഹമ്മദലിയുടെ അടുത്തേക്ക് നീങ്ങിയിരിക്കാന്‍ തുടങ്ങി.
''എന്താ അരുണ്‍, നിനക്കെന്തോ എന്നോടു പറയാനുണ്ടെന്ന് തോന്നുന്നു.''
''പറയാനുണ്ടെന്ന് പറഞ്ഞാന്‍... ഉണ്ട്. പക്ഷേ... മൊഹമ്മദ്ക്ക കരുതുന്ന പോലെ അത്ര ഗൗരവമൊന്നുമില്ല.''
''എന്നുവെച്ചാല്‍...?''
ഒരു സൂചന മാത്രം കൊടുത്തുകൊണ്ട് അരുണ്‍കുമാര്‍, തന്റെ വാക്കുകള്‍ പാതി വഴിയില്‍ നിര്‍ത്തി. മുഹമ്മദലിയുടെ സംശയം ഒന്നുകൂടി വര്‍ദ്ധിച്ചു.
വീടിന്റെ മോന്തായം, നിലതെറ്റി ചുമരടക്കം എല്ലാം കൂടി മറുക്കുള്ളിലേക്ക് വീഴുകയും, സൈനബയും നസ്‌റിനും അതിന്നുള്ളിലടക്കപ്പെടുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അതിന്നിടയില്‍പ്പെട്ട് സൈനബ ഉടന്‍ തന്നെ മരണമടഞ്ഞു. നസ്‌റിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു എന്നാണറിയാന്‍ കഴിഞ്ഞത്. ബാക്കിയൊന്നും വ്യക്തമായി മനസ്സിലായില്ല. ഒന്നുകൂടി വിളിച്ചുചോദിക്കാമെന്നുവെച്ചാല്‍തന്നെ - തൊട്ടടുത്തു മുഹമ്മദലി ഇരിക്കുന്നു. ഇത് അയാളോട് തുറന്നു പറഞ്ഞാല്‍ അതും....? ഇല്ല... ഏതായാലും അവിടെ എത്തിയശേഷം എല്ലാം മുഹമ്മദലി തനിയേ അറിഞ്ഞുകൊള്ളട്ടേ എന്ന് അരുണ്‍കുമാര്‍ മനസ്സിലുറച്ചു.
തന്റെ കുടുംബത്തിന്ന് കാര്യമായെന്തോ സംഭവിച്ചിരിക്കുന്നു മുഹമ്മദലിയുടെ മനസ്സ് മന്ത്രിച്ചു. അയാളുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
രംഗശ്രീ തിയേറ്റേഴ്‌സിന്റെ വണ്ടി, അതി വേഗതയില്‍ മുഹമ്മദലിയുടെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു... ഒപ്പം മുഹമ്മദലിയുടെ മനസ്സും.
No comments:
Post a Comment